Wednesday, October 24, 2012

നിഗൂഡതയുടെ തിങ്കളാഴ്ച രാവുകള്‍

       ഇന്ന് തിങ്കളാഴ്ച ആണെന്ന കാര്യം സത്യത്തില്‍ ഞാനോര്‍ത്തിരുന്നില്ല. ഓര്‍ത്തിരുന്നു എങ്കില്‍, സെലിന്‍ കൂടിയില്ലാത്ത ഈ രാത്രിയില്‍ ഒറ്റയ്ക്ക് മുറിയില്‍ താമസിക്കുന്നത് ഒരുപക്ഷേ ഒഴിവാക്കാമായിരുന്നു. അവള്‍ നൈറ്റ്‌ ഡ്യൂട്ടിക്ക് പോയപ്പോള്‍ താന്‍ ആഹാരമുണ്ടാക്കുന്ന തിരക്കിലായിരുന്നുവല്ലോ.

       എന്ന് മുതലാണ്‌ തിങ്കളാഴ്ച രാവുകള്‍ തന്റെ ജീവിതത്തില്‍, ഭയം വിതയ്ക്കുന്ന നെരിപ്പോടുകളായി മാറിയത് എന്ന് പറയാനാവില്ല. എന്നോ ഒരിക്കല്‍ പഴയ ഡയറിക്കുറിപ്പുകള്‍ എടുത്ത്‌ വായിച്ച് നോക്കിയപ്പോഴാണ് ഭയപ്പാടിന്റെ യാദൃശ്ചികത തിങ്കളാഴ്ച രാത്രികളെ മാത്രം പിടികൂടിയിരിക്കുന്നതായി തിരിച്ചറിഞ്ഞത്. ദുസ്വപ്നങ്ങളും ദുര്‍നിമിത്തങ്ങളും ചിറക് വിരിച്ച എത്രയോ വെറുക്കപ്പെട്ട തിങ്കളാഴ്ചകള്‍....

        ഭിത്തിയിലെ ചെറിയ ക്ലോക്കില്‍ സൂചികള്‍ 9:25 എന്ന് കാണിക്കുവാന്‍ തുടങ്ങിയിട്ട് കുറേനേരമായല്ലോ എന്ന് പെട്ടന്നോര്‍ത്തു. സെലിന് കൊണ്ടെ കൊടുക്കുവാന്‍ ചോറും കറികളും പാത്രത്തില്‍ എടുത്ത് വെച്ചു. അപ്പോള്‍ പുറത്തു നിന്നാരോ എന്നെ പേര് ചൊല്ലി വിളിക്കുന്നത് കേട്ടു. വാതില്‍ തുറന്ന് നോക്കി. രണ്ടാം നിലയിലെ നീണ്ട ഹോസ്റ്റല്‍ ഇടനാഴിയിലെ മങ്ങിയ വെളിച്ചമൊഴികെ മറ്റൊന്നും കണ്ടില്ല. ചിലപ്പോള്‍ തോന്നിയതാകും....

       സെലിനുള്ള അത്താഴവും കയ്യിലെടുത്ത്, മുറി പൂട്ടി, സ്റ്റെപ്പുകള്‍ ഇറങ്ങി, വിജനമായ വഴിയിലൂടെ ആശുപത്രി കെട്ടിടത്തിന് നേര്‍ക്ക്‌ നടന്നു. ഏകദേശം മുന്നൂറ് ഏക്കറോളം വരും ആശുപത്രി ക്യാമ്പസ്‌ എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. അതില്‍ പാതിയും കാടും പടലവും പിടിച്ച് ഒരു ശ്മശാന ഭൂമി പോലെയാണ് കിടക്കുന്നത്.

      ട്യൂബ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തിലൂടെ അഞ്ച് മിനിറ്റ് നടന്ന് വേണം ഹോസ്പിറ്റലില്‍ എത്താന്‍. ആ സമയം വൈദ്യുതി എങ്ങാനും നിലച്ചാല്‍, പിന്നത്തെ പുകില്‍ പറയുകയും വേണ്ട. ആശുപത്രിയുടെ മുന്‍ഭാഗത്തെ വാതിലിലൂടെ, കാഷ്വാലിറ്റിയും കഴിഞ്ഞ് ഏതാനും ഇടവഴികളും താണ്ടിവേണം സെലിന്‍ ഡ്യൂട്ടി ചെയ്യുന്ന സര്‍ജറി വാര്‍ഡിലെത്താന്‍..

      നേഴ്സസ് ഡ്യൂട്ടി റൂമിലെ മേശമേല്‍ അത്താഴം കൊണ്ടെ വെച്ചപ്പോള്‍ അവള്‍ ചോദിച്ചു.
      "ഒറ്റയ്ക്ക് വരാന്‍ നിനക്ക് പേടിയില്ലാരുന്നോ? താഴത്തെ ഫ്ലോറില്‍ നിന്നും നിനക്കാ രേണുവിനെ കൂടി കൂട്ടിപ്പോന്നാല്‍ പോരായിരുന്നോ? "
      "അവള്‍ തലവേദന ആയത് കാരണം നേരത്തെ കിടന്ന് ഉറങ്ങി."
      "ഇനി നീ ഒറ്റയ്ക്ക് തിരികെ പോകണ്ട.  ഭയ്യമാരെ ആരെയേലും കൂട്ടിന് വിടാം..."
      "വേണ്ട. ഞാന്‍ തനിയെ പൊയ്ക്കോളാം...തനിയെ പോയാല്‍ എന്താ കുഴപ്പം എന്ന് നോക്കട്ടെ.."
      "എന്തായാലും ഉത്തരേന്ത്യയിലെ പ്രേതങ്ങള്‍ക്ക് മലയാളം അറിയാന്‍ വയ്യാത്തതാണ് നമ്മുടെ ഒരു രക്ഷ." സെലിന്‍ ചിരിച്ചു.
      "ഗതി കേട്ടാല്‍ പ്രേതവും മലയാളം പഠിക്കും.." അതും പറഞ്ഞ് ഞാന്‍ തിരിച്ച് നടന്നു.

       ഗ്രൌണ്ട് ഫ്ലോറിലെത്തിയപ്പോഴാണ്,  ഇടനാഴിയുടെ അങ്ങേ അറ്റത്തുള്ള ഹോസ്പിറ്റലിന്റെ പിന്‍വാതില്‍ തുറന്നിട്ടിരിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടത്. സാധാരണയായി എട്ട് മണിക്ക് മുന്നേ തന്നെ ആ വാതില്‍ അടയ്ക്കുന്നതാണ്. ഇന്നെന്താണോ ആവോ? മുന്‍വശം വഴി പോകുന്നത് അല്പം വളഞ്ഞ വഴി ആയതിനാല്‍ ഞാന്‍ പിന്‍വാതിലിന് നേര്‍ക്ക്‌ നടന്നു.  രാത്രി വൈകിയാല്‍ പിന്നെ ഇവിടെങ്ങും ആരും തന്നെ ഉണ്ടാകാറില്ല.

      പൊടുന്നനെ മറ്റൊരു ഇടനാഴിയിലൂടെ രണ്ട് പേര്‍ ചേര്‍ന്ന് ഉന്തിക്കൊണ്ട് വന്ന ഒരു സ്ട്രെച്ചര്‍ എന്റെ മുന്നില്‍ വന്നു പെട്ടു. അതില്‍ വെള്ളത്തുണി കൊണ്ട് പൂര്‍ണ്ണമായും മറച്ച നിലയില്‍ ഒരു ബോഡി കിടപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അവര്‍ ഒന്ന് പരുങ്ങി. മുഖം പുറകോട്ട് തിരിച്ച് രണ്ട് പേരും എന്നെ തുറിച്ചു നോക്കുകയും ചെയ്തു.

      പിന്‍വാതിലിലൂടെ വെളിയിലെത്തിയ അവര്‍ ആ സ്ട്രെച്ചറും കൊണ്ട് ആശുപത്രിയുടെ ഒരു ഇരുണ്ട ഭാഗത്തേക്ക് നീങ്ങി. എന്തിനാണ് അവര്‍ ആ ശവം ഇതിലേ കൊണ്ട് വന്നത് എന്ന് എനിക്ക് മനസിലായില്ല.  മോര്‍ച്ചറിയും പോസ്റ്റുമോര്‍ട്ടം റൂമും എല്ലാം മുന്ഭാഗത്താണ്. ഇവിടെങ്ങും ഒരു ആംബുലന്‍സും ഉള്ളതായി കാണുന്നില്ല. പിന്നെങ്ങോട്ടാണ് അവര്‍ ആ മൃതദേഹവുമായി പോകുന്നത്?

      അവര്‍ പോയ ആ ഭാഗത്ത്‌ എവിടെയോ ആണ് പുതിയ അനാട്ടമി ലാബ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം പെട്ടന്നോര്‍മ്മ വന്നു. ഞാന്‍ തിരിഞ്ഞ് അല്പനേരം അവിടേക്ക് നോക്കിനിന്നു.

     രണ്ട് വലിയ കന്നാസുകളും താങ്ങി ഒരാള്‍ അവരുടെ പുറകെ പോകുന്നതും ഞാന്‍ കണ്ടു. അതില്‍ പെട്രോളോ മണ്ണെണ്ണയോ ആകാനാണ് സാധ്യത. ഞാന്‍ ആശുപത്രിയുടെ പിന്‍വാതില്ക്കലേക്ക് തിരിഞ്ഞ് നടന്നു.   സെക്യൂരിറ്റി ഗാര്‍ഡ്‌ അകത്ത്‌ നിന്നും വാതില്‍ പൂട്ടുകയാണ്.

      "ഭയ്യാ, എന്താണവര്‍ കൊണ്ട് പോയത്? " ഞാന്‍ അയാളോട് ചോദിച്ചു.
      "പഞ്ചസാരച്ചാക്ക്..." അയാള്‍ കൂസലന്യേ മറുപടി പറഞ്ഞ് ഇടനാഴിയിലൂടെ നടന്നകന്നു.
      ട്യൂബ് ലൈറ്റുകളുടെ മങ്ങിയ വെളിച്ചത്തിന്റെ തുണയില്‍ ഞാന്‍ ഹോസ്റ്റലിലേക്ക് നടന്നു. മനസ്സിനെ അസ്വസ്ഥമാക്കി നൂറു കൂട്ടം ചിന്തകള്‍ മേഞ്ഞ് നടക്കുന്നു....

      അടുത്ത വര്‍ഷം ഇവിടെ മെഡിക്കല്‍ കോളേജ്‌ ആയി ഉയര്‍ത്തുമത്രേ.... അതിനായി അനാട്ടമി ലാബും ഫോര്‍മാലിനില്‍ ഇട്ട മൃതദേഹങ്ങളും അവയവങ്ങളും ഒക്കെ വേണമത്രേ... സ്വകാര്യ ആശുപത്രി ആയതിനാല്‍ അനാഥപ്രേതങ്ങളൊന്നും ഇവിടെ വരാറില്ല. അത് കൊണ്ട് തന്നെ അനാട്ടമി ലാബിലേക്ക് വേണ്ട മൃതദേഹങ്ങള്‍ മറ്റ് ആശുപത്രികളില്‍ നിന്നും വില കൊടുത്ത് വാങ്ങേണ്ടി വരും.

       ആശുപത്രി മാനേജ്മെന്റിലുള്ളവരുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നവരുടെ ബോഡികള്‍, ആന്തരികാവയവങ്ങള്‍ എടുത്തശേഷം ആരുമറിയാതെ കത്തിച്ച് കളയുകയും പതിവുണ്ടത്രേ....ഫിനൈല്‍ ഗന്ധത്തിനപ്പുറം വല്ലാത്ത ചില നിഗൂഡതകള്‍ ഏതൊരു ആശുപത്രിയുടേയും ഇടനാഴികളെ ചൂഴ്ന്ന് നില്‍ക്കുന്നതായി എനിക്ക് തോന്നി. റൂമില്‍ തിരിച്ചെത്തി, ജാലകം തുറന്ന് ഞാന്‍ പുറത്തേക്ക് നോക്കി.  ദൂരെ, അനാട്ടമി ലാബും പരിസരപ്രദേശങ്ങളും ഇരുളില്‍ ഗാഡമായി ഉറങ്ങുന്നു.

        കുറച്ചു നാള്‍ മുന്‍പ്, നൂര്‍ ആലം എന്ന അറ്റന്‍ഡര്‍ പറഞ്ഞതോര്‍മ്മ വന്നു.  ഇന്റേണല്‍ ഓര്‍ഗന്‍സ് എടുക്കാനായി മൃതശരീരം കീറി മുറിക്കുന്നത് അയാളാണത്രേ... സര്‍ജിക്കല്‍ ബ്ലേയ്ഡിന് പകരം നല്ല മൂര്‍ച്ചയുള്ള വാക്കത്തിയും തടി അറക്കുന്ന കൈവാളും  ഉപയോഗിച്ച്. ഓര്‍ഗന്‍സ് മുറിച്ചെടുക്കുക എന്നത് മാത്രമാണ് ഡോക്ടേഴ്സ് ചെയ്യുക.

       ഇന്നും നൂര്‍ ആലം അവിടെ ഉണ്ടാകുമോ?  അയാള്‍ തന്നെ ആയിരിക്കുമോ ആ ശവവും കീറിമുറിക്കുന്നത്? എല്ലാം കഴിഞ്ഞ് അവശേഷിച്ച ശരീരഭാഗങ്ങള്‍ കത്തിച്ച് കളയുന്നതും അയാള്‍ ആകുമോ?

      ചിന്തകള്‍ക്ക് വിരാമമിടാന്‍,  ജനല്‍ അടച്ചശേഷം ഡയറി എഴുതിക്കൊണ്ടിരുന്നപ്പോള്‍ മൊബൈലില്‍ സെലിന്റെ ഒരു സന്ദേശം വന്നു.
       "He is died, HIV patient in the medicine ward".
        ചെറുപ്പക്കാരനായ ആ എയിഡ്സ് രോഗിയുടെ കാര്യം ഞങ്ങളെല്ലാവരും അറിയുന്നത് രേഖയ്ക്ക് സംഭവിച്ച ഒരു ട്രാജഡിയിലൂടെയാണ്.

        കൂടുതല്‍ രോഗികളും കുറവ് ജീവനക്കാരും ഉള്ള മെഡിസിന്‍ വാര്‍ഡിലെ ഡ്യൂട്ടി തിരക്കില്‍, ആ എച്ച്.ഐ.വി. പേഷ്യന്റിനെ കുത്തിവെച്ച സൂചി അറിയാതെ രേഖയുടെ കയ്യില്‍ കുത്തിക്കേറുകയായിരുന്നു. മഞ്ഞപ്പിത്തവും ന്യുമോണിയയും  കൂടിയ നിലയില്‍ അഡ്മിറ്റ്‌ ചെയ്ത അയാളുടെ ആത്മാവ് ഒടുവില്‍ സ്വതന്ത്രമായി.  ഞാന്‍ അറിയാതെ ചലനം നിലച്ച ക്ലോക്കിലേക്ക് നോക്കി.  എപ്പോഴായിരിക്കും അയാള്‍ മരിച്ചിട്ടുണ്ടാവുക?  9:25-ന് ആയിരിക്കുമോ? ഏയ്‌...വെറുതേ ഓരോ തോന്നലുകള്‍.

          രേഖയുടെ കാര്യം ഓര്‍ത്തപ്പോള്‍ എനിക്ക് സങ്കടം തോന്നി. നാളെ അവളും...?? ലൈറ്റ്‌ അണച്ച് ഉറങ്ങാന്‍ കിടന്നു.  കുറച്ച് നേരം മയങ്ങി എന്ന് തോന്നുന്നു; ഒരു പേടി സ്വപ്നം കണ്ടാണ് ഞെട്ടി ഉണര്‍ന്നത്....

        പുതുതായി പണി കഴിപ്പിച്ച് കൊണ്ടിരുന്ന ഒരു വലിയ ആശുപത്രി ആയിരുന്നു ആ സ്വപ്നത്തിന്റെ പശ്ചാത്തലം.  ലിഫ്റ്റില്‍ കയറി നാലാം നിലയിലേക്ക് ഞാന്‍ പോകവേ, ഒന്നാം നിലയില്‍ നിന്നും ചിലര്‍ കുറേ മൃതദേഹങ്ങളും കൂടി ലിഫ്റ്റില്‍ കയറ്റി. ആ മൃതദേഹങ്ങള്‍ എങ്ങോട്ട് കൊണ്ട് പോകുകയാണെന്ന് ഞാനവരോട് ചോദിച്ചു. ഡ്രെയിനേജ് സംവിധാനം ടെസ്റ്റ്‌ ചെയ്യാന്‍ കൊണ്ട് പോകുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു.

       "ഡ്രെയിനേജ് ടെസ്റ്റോ?"
        "അതേ, ഈ ശവശരീരങ്ങള്‍ എല്ലാം പല നിലകളിലായി ചിതറി ഇടും. രണ്ട് മൂന്ന് ആഴ്ച അവ അവിടെ കിടന്ന് നന്നായി അഴുകി കഴിയുമ്പോള്‍ നല്ല ശക്തിയില്‍ വെള്ളം പമ്പ് ചെയ്യും.  അപ്പോള്‍ അഴുകിയ മൃതദേഹങ്ങള്‍ ഡ്രെയിനേജിലൂടെ  ഒഴുകി പോകുന്നുണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്യാനാണ്..."
ഒരുപാട് പേര്‍ ഡെഡ്ബോഡികളുമായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അത്രയും കണ്ടപ്പോഴേക്കും ഞെട്ടി ഉണര്‍ന്നു.

         കൂജയില്‍ നിന്നും കുറേ വെള്ളമെടുത്ത് കുടിച്ച ശേഷം മേശപ്പുറത്തിരുന്ന സെലിന്റെ കൊന്തയെടുത്ത് കയ്യില്‍ പിടിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍,  ജനാല തുറന്ന് അനാട്ടമി ലാബിന്റെ ഭാഗത്ത്‌ കട്ടപിടിച്ച് കിടന്ന ഇരുളിലേക്ക് നോക്കി.

         അവിടെ ആരെയേലും കത്തിക്കുന്നുണ്ടോ?
         ഇരുളില്‍ എവിടെയേലും തീയും പുകയും ഉയരുന്നുണ്ടോ?
         ജാലകത്തിലൂടെ കടന്ന് വന്ന കാറ്റില്‍ മനുഷ്യമാംസം കരിയുന്നതിന്റെ ഗന്ധമുണ്ടോ?
        അശാന്തിയുടെ കല്പ്പടവുകളില്‍ എരിഞ്ഞടങ്ങിയ ആത്മാക്കളുടെ അലമുറകള്‍ അന്തരീക്ഷത്തില്‍ അലയടിച്ചുയരുന്നുണ്ടോ?

          തിങ്കളാഴ്ച രാവിന്റെ അവസാന നാഴികയും കൊഴിഞ്ഞ്‌ വീഴാറായപ്പോള്‍ പുറത്ത്‌ നിന്നാരോ ദയനീയമായി കരഞ്ഞ് കൊണ്ട് എന്നെ വിളിക്കുന്നതായി തോന്നി. ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. ചൊവ്വയുടെ പുലരിയിലെങ്കിലും എനിക്കൊന്നുറങ്ങാനായെങ്കില്‍........